മുട്ടിൽ മരംമുറി; കർഷകർക്ക് പിഴ ചുമത്തിയതിനെതിരേ സിപിഎം
Saturday, September 30, 2023 10:21 AM IST
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയായ ജോജി അഗസ്റ്റിനൊപ്പം, വഞ്ചിതരായ കർഷകർക്കും പിഴ ചുമത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സിപിഎം.
കേസിൽ കർഷകർക്കെതിരേ പിഴ ചുമത്തിയ റവന്യുവകുപ്പിന്റെ നടപടി പിൻവലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ആവശ്യപ്പെട്ടു. കർഷകർക്ക് പിഴ നോട്ടീസ് നൽകിയത് വഞ്ചനയാണെന്നും യഥാർഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും ഗഗാറിൻ പറഞ്ഞു.
കർഷകരെ വഞ്ചിച്ച് അവരുടെ ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയ ജോജി അഗസ്റ്റിനും സഹോദരങ്ങൾക്കുമെതിരേ അവർ നൽകിയ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് കർഷകർക്കെതിരേ പിഴ ചുമത്തുന്നതെന്നും സിപിഎം ചോദിച്ചു.
മരംമുറി കേസിലെ 35 പ്രതികൾ ചേർന്ന് എട്ട് കോടിയോളം രൂപ പിഴ ഒടുക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് റവന്യുവകുപ്പ് നോട്ടീസ് നൽകിയത്.