കരുവന്നൂര്‍ കേസ്: പി.ആര്. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Saturday, September 30, 2023 8:39 AM IST
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ബാങ്കിന്റെ മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സ് ഇന്ന് ജാമ്യാപേക്ഷ നല്‍കും. രണ്ടുപേരുടെയും ജാമ്യാപേക്ഷയില്‍ കോടതി ഒരുമിച്ച് വാദം കേള്‍ക്കും.
കള്ളപ്പണക്കേസില്‍ പങ്കില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്ക്കപ്പെട്ടതെന്നുമാണ് അരവിന്ദാക്ഷന്റെ വാദം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
എന്നാല്‍ കേസില്‍ അരവിന്ദാക്ഷനും ജില്‍സിനും കൃത്യമായ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലപാട്. കേസിലെ ഒന്നാംപ്രതി പി. സതീഷ് കുമാറിന്റെ ബെനാമിയാണ് അരവിന്ദാക്ഷന് എന്നാണ് ഇഡി സംശയിക്കുന്നത്.
ഇത് സംബന്ധിച്ച സത്യവാംഗ്മൂലം ഇഡി കോടതിയില്‍ നല്‍കും. വിശദമായ വാദം കേട്ടശേഷമാകും ജാമ്യാപേക്ഷയില്‍ പ്രത്യേക സിബിഐ കോടതി ജാമ്യപേക്ഷയില് തീരുമാനമെടുക്കുക.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എന്നാല്‍ ശരീരത്തിന് വിറയലുണ്ടെന്ന് പറഞ്ഞ് കണ്ണന് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി എന്ന് ഇഡി അറിയിച്ചു.
അതേസമയം, തനിക്ക് ഒരു ആരോഗ്യപ്രശ്നവുമില്ലെന്നാണ് ഇഡി ഓഫീസില്‍നിന്ന് പുറത്തുവന്ന കണ്ണന് പ്രതികരിച്ചത്. ഇഡിയുടെ പെരുമാറ്റം സൗഹാര്‍ദപരമായിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ എത്തുമെന്നും കണ്ണന് പറഞ്ഞു.