തിരുവനന്തപുരം: മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇടവ കാപ്പില്‍ എച്ച് എസിന് സമീപം ഹരിദാസ് ഭവനില്‍ ഷിബുവിനെയാണ് (47) അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ ബീന ഇളയ മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ കട്ടിലില്‍ നിന്നും വലിച്ച് നിലത്തിട്ട ശേഷം മെത്തയുടെ അടിയില്‍ സൂക്ഷിച്ച കത്തികൊണ്ട് കുത്തികൊല്ലാൻ ശ്രമിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28 ന് രാത്രി 12.30നാണ് സംഭവം.

ബീന ഒച്ചവെച്ചതോടെ മൂത്തമകള്‍ ഓടിയെത്തുകയും ഷിബുവിന്‍റെ കൈയില്‍ നിന്നും കത്തി ബലപ്രയോഗത്തിലൂടെ പിടിച്ചുവാങ്ങി ദൂരേക്ക് എറിഞ്ഞു. ഈ സമയത്ത് ഉണര്‍ന്ന ഇളയ മകളേയും കൂട്ടി മൂത്തമകള്‍ പുറത്തേക്ക് പോയപ്പോള്‍ ബീനയെ ഷിബു മുറിയില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു.

പിന്നാലെ അലമാരയിലിരുന്ന കത്രികയെടുത്ത് ബീനയുടെ നെഞ്ചിലും മുതുകിലും ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആഴത്തിലുള്ള ഏഴ് മുറിവുകളാണ് ബീനയുടെ ശരീരത്തിലുണ്ടായത്. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വിവരം പോലീസിനെ അറിയിച്ചു.

പോലീസ് വന്നു കഴിഞ്ഞാണ് ഷിബു വീടിന്‍റെ വാതില്‍ തുറന്നത്. ബീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഗാര്‍ഹിക പീഡനത്തിന് പിന്നാലെ കോടതിയില്‍ പരാതി നല്‍കി പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലഭിക്കുന്നതിന് ബീന ശ്രമിച്ചതാണ് അക്രമിക്കാന്‍ കാരണമെന്ന് ഷിബു പൊലീസിനോട് പറഞ്ഞു.