കണ്ണൂരിൽ അജ്ഞാത സംഘം ബൈക്ക് കത്തിച്ചു
Friday, September 29, 2023 8:18 PM IST
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഹെല്‍മറ്റ് ധരിച്ചെത്തിയ മൂവര്‍ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. വാട്ടര്‍ അതോറിറ്റി ചെറുവത്തൂർ ഓപ്പറേറ്റര്‍ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാൽ പത്ത്സെന്റിലെ എം.പി. ഷൈനേഷിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്.
രാത്രിയായിരുന്നു സംഭവം. മൂവർ സംഘത്തിരൊലൊരാള് കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ച് തീകൊളുത്തുന്നതും തുടര്‍ന്ന് സംഘം ഓടിമറയുന്ന ദൃശ്യവും വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
തീകൊളുത്തിയ ആള് സ്ത്രീകൾ ഉപയഗിക്കുന്ന തവിട്ടു നിറത്തിലുള്ള മാക്സിയും മറ്റു രണ്ടുപേര്‍ സമാന രീതിയിലുള്ള കറുപ്പ് വസ്ത്രവുമാണ് ധരിച്ചിരുന്നത്. സംഭവമറിഞ്ഞ് ഉറക്കം ഉണർന്ന വീട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ചുവെങ്കിലും ബൈക്ക് കത്തിനശിച്ച് ഉപയോഗശൂന്യമായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.