മരുന്ന് മാറിനൽകി പെൺകുട്ടി മരിച്ചു; മൃതദേഹം റോഡിൽ ഉപേക്ഷിച്ച് ഡോക്ടറും സംഘവും
Friday, September 29, 2023 7:24 PM IST
ലക്നോ: മരുന്ന് മാറി കുത്തിവയ്പ് നൽകിയതിന് പിന്നാലെ രോഗി മരിച്ചതോടെ, ജനരോഷം ഭയന്ന് മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് ആരോഗ്യസംഘം. ഉത്തർപ്രദേശിലെ മെയ്ൻപുരിയിലാണ് സംഭവം നടന്നത്.
പനിക്ക് ചികിത്സ തേടിയെത്തിയ ഭാരതി എന്ന 17 വയസുകാരിയാണ് ദാരുണാന്ത്യത്തിന് ഇരയായത്. ഗിരോർ മേഖലയിലെ രാധാ സ്വാമി ആശുപത്രിയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ആശുപത്രിയിലേക്ക് സഹോദരിക്കൊപ്പം നടന്നെത്തിയ പെൺകുട്ടി, ഡോക്ടർ നൽകിയ കുത്തിവയ്പ് സ്വീകരിച്ച ശേഷം ബോധരഹിതയായെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില വഷളായതോടെ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
ഇതിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് പെൺകുട്ടി മരണപ്പെട്ടത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധം ഉയർത്തുമെന്ന സ്ഥിതി വന്നതോടെ, സമീപത്തെ റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് ഡോക്ടറും സംഘവും കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം വഴിയിൽ കിടക്കുന്ന വീഡിയോ സാമൂഹ്യമാധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. സംഭവം വിവാദമായതോടെ യുപി സർക്കാർ ആശുപത്രി അടച്ചുപൂട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി ഉപമുഖ്യമന്ത്രിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ബ്രജേഷ് പഥക് അറിയിച്ചു.