ഉഭയസമ്മത ബന്ധങ്ങൾക്കായുള്ള പ്രായപരിധി കുറയ്ക്കേണ്ടെന്ന് നിയമ കമ്മീഷൻ
Friday, September 29, 2023 5:40 PM IST
ന്യൂഡൽഹി: ഉഭയസമ്മത ലൈംഗികബന്ധത്തിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആയി തുടരുന്നതാണ് അഭികാമ്യമെന്ന് നിയമ കമ്മീഷൻ.
പ്രായപരിധി 18-ൽ നിന്ന് 16 ആയി കുറയ്ക്കണമെന്നുള്ള ആവശ്യം പൂർണമായി അംഗീകരിക്കുന്നത് ബാലവിവാഹങ്ങളുടെ വർധനവിനും പോക്സോ നിയമത്തിൽ വെള്ളം ചേർക്കുന്നതിനും കാരണമാകുമെന്ന് ഋതുരാജ് അവസ്തി അധ്യക്ഷനായ 22-ാം നിയമ കമ്മീഷൻ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഉഭയസമ്മത ബന്ധങ്ങൾക്കുള്ള കുറഞ്ഞ പ്രായം 18 ആയി നിലനിർത്തുമ്പോൾ തന്നെ, 16 മുതൽ 18 വയസ് വരെ പ്രായമുള്ളവർ പരസ്പര സമ്മതതോടെ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമായി കാണുന്നത് തടയാനുള്ള നിയമഭേദഗതികൾ ആവശ്യമാണെന്ന് കമ്മീഷൻ പറഞ്ഞു.
പ്രതികാരനടപടികളുടെ ഭാഗമായി കൗമാരക്കാരെ പോക്സോ കേസുകളിൽ ഉൾപ്പെടുത്തുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് സുപ്രീം കോടതി അടക്കമുള്ള രാജ്യത്തെ വിവിധ കോടതികൾ ഉഭയസമ്മത ബന്ധങ്ങൾക്കുള്ള പ്രായപരിധി കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടത്.