സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചന പണിമുടക്ക് പൂർണം
Friday, September 29, 2023 3:23 PM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പിജി ഡോക്ടർമാർ നടത്തുന്ന 24 മണിക്കൂർ സൂചന പണിമുടക്ക് പൂർണം. വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ എട്ടുവരെ തുടരും.
2019ന് ശേഷം ഡോക്ടർമാരുടെ സ്റ്റൈപ്പൻഡ് വർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആണ് പ്രധാനമായും സമരം നടത്തുന്നത്. സംസ്ഥാന വ്യാപകമായി രണ്ടായിരത്തിയഞ്ഞൂറോളം ഡോക്ടർമാർ സമര രംഗത്തുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരത്തോളം പിജി ഡോക്ടർമാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂർ സൂചന സമരം നടത്തുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട സേവനങ്ങളെ അത് ബാധിക്കില്ലെന്ന് പിജി ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. അവശ്യ സർവീസുകളായ ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയ്ക്ക് മുടക്കം വരികയില്ല. ഒപി പൂർണമായും ബഹിഷ്കരിക്കും.
പിജി ഡോക്ടറായ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപവൽക്കരിച്ചിരുന്നു. കമ്മിറ്റി പൂർണതോതിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് പിജി ഡോക്ടർമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ റുവൈസ് പറഞ്ഞു.
സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്മിറ്റി രൂപീകരിച്ചിരുന്നത്.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ നിരന്തരം ആക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടിയന്തരമായി യോഗം ചേരുകയും അവർക്കുവേണ്ടി ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇത് ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പര്യാപ്തമായിട്ടില്ലെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്.
സൂചന സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ഡോക്ടർമാർ അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചു. സൂചന സമരം ഫലപ്രദമായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളും മുന്നോട്ടുപോകാനാണ് തീരുമാനം.