"എട്ട് എയിലെ സുഹൃത്തിന് കളര്‍ പെന്‍സില്‍ നല്‍കണേ'; വീട് വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി
Friday, September 29, 2023 12:57 PM IST
തിരുവനന്തപുരം: കത്തെഴുതി വച്ചശേഷം കാട്ടാക്കടയില്‍ നിന്ന് വീട് വിട്ടിറങ്ങിയ 13 വയസുകാരനെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. യാത്രക്കാര്‍ കുട്ടിയെ തിരിച്ചറിഞ്ഞതാണ് ബന്ധുക്കൾക്കും പോലീസിനും വിവരം ലഭിക്കാൻ സഹായകമായത്.
കുട്ടിയെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആനകോട് സ്വദേശിയായ വിദ്യാർഥിയെ വീട്ടിൽ നിന്നും കാണാതായത്. കത്തെഴുതിവച്ചിട്ടാണ് കുട്ടി പോയത്.
എട്ട് എ യിലെ സുഹൃത്തിന് കളര്‍ പെന്സിലുകള് നല്‍കണം എന്നും താന്‍ പോകുന്നു എന്നുമായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്. കള്ളിക്കാട് ചിന്തലയ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് വീട് വിട്ടുപോയത്.
വീട്ടുകാരും നാട്ടുകാരും പോലീസും ഊര്‍ജിതമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കെഎസ്ആര്‍ടിസി യാത്രക്കാര്‍ കുട്ടിയെ കണ്ടെത്തിയ വിവരം അറിയിക്കുന്നത്. കുട്ടിയെ കണ്ടെത്തിയ ആശ്വാസത്തിലാണ് ബന്ധുക്കളും പോലീസും നാട്ടുകാരും.