സിപിഐയുടെ അഭിപ്രായം സർക്കാരിനെതിരേയുള്ള കുറ്റപത്രം: കെ. സുധാകരൻ
Thursday, September 28, 2023 10:38 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.
സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ 50 വാഹനങ്ങളുടെ അകന്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാൻ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്.
മുഖ്യമന്ത്രിയെ കണ്ടാൽ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാൾപോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേൽ ദുർഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നു.
രണ്ടര വർഷമായി കേരളത്തിൽ ഭരണമില്ലെന്നും അപഹരണം മാത്രമാണും വെളപ്പെടുത്തുന്ന സംഭവങ്ങളാണിപ്പോൾ രാവണൻകോട്ടയായ സെക്രട്ടേറിയറ്റിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിനേയും ഓഫീസിനെയും ചുറ്റിപ്പറ്റി നടന്ന അഴിമതിക്കൂട്ടങ്ങൾ മന്ത്രിമാരുടെ ഓഫീസുകളിലും തന്പടിച്ചിരിക്കുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന അതീവ ഗുരുതരമായ കോഴ ഇടപാടിനെക്കുറിച്ച് നല്കിയ പരാതിയിൽ 15 ദിവസമായിട്ടും പോലീസ് നടപടി ഉണ്ടായില്ല. എന്നാൽ മന്ത്രിയുടെ സ്റ്റാഫ് നല്കിയ പരാതിയിൽ പോലീസ് അതീവ ശുഷ്കാന്തിയോടെ കേസെടുത്ത് ഉടനടി അന്വേഷണം തുടങ്ങി.
മന്ത്രിയുടെ ഓഫീസും പാർട്ടിയുമെല്ലാം ഉൾപ്പെട്ട കോഴക്കുരുക്ക് സംബന്ധിച്ച അന്വേഷണം ഉടനേ ആരംഭിക്കണം. പരാതിയിൽ അടയിരിക്കുന്നതു തന്നെ ദുരൂഹമാണ്. ഇടപാടിൽ സിപിഎം നേതാവും എഐഎസ്എഫ് നേതാവും ഉൾപ്പെടെയുള്ള ഇടനിലക്കാരെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായ സാഹചര്യത്തിൽ സംശയത്തിന്റെ മുന മന്ത്രിയിലേക്കാണ് നീങ്ങുന്നതെന്നും സുധാകരൻ പ്രതികരിച്ചു.