കൈക്കൂലി കേസ്: മന്ത്രി സ്റ്റാഫിനെ സംരക്ഷിക്കുന്നുവെന്നു കെ.സുരേന്ദ്രൻ
Thursday, September 28, 2023 7:30 PM IST
തിരുവനന്തപുരം: കൈക്കൂലി കേസിൽ കുടുങ്ങിയ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോർജ് സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പരാതിക്കാരന്റെ പേരിൽ കേസെടുത്ത് പ്രതിയെ രക്ഷിക്കാനുള്ള ഇടപെടലാണ് മന്ത്രി നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജോലി വാഗ്ദാനം നൽകി പണം തട്ടിയ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ പരാതിക്കാരൻ ഒരു മാസം മുന്‍പ് തന്നെ ഓണ്‍ലൈനായും മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല.
സംഭവം പുറത്തറിഞ്ഞപ്പോൾ താൻ അഖിലിനോട് സംസാരിച്ചിരുന്നെന്നും അയാൾ തെറ്റുകാരൻ അല്ലെന്നുമാണ് വീണാ ജോർജ് പറയുന്നത്. മന്ത്രിയുടെ വാദം ബാലിശമാണ്. ഇത്തരമൊരു പരാതി ലഭിച്ചാൽ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്വമുള്ളയാളാണ് മന്ത്രി.
എന്നാൽ മന്ത്രി വസ്തുതകൾ അന്വേഷിക്കാതെ തന്റെ സ്റ്റാഫിനെ പിന്തുണയ്ക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെട്ടുത്തി.