വ്യാജ ചാപ്പ കുത്തൽ: കൂടുതൽ അന്വേഷണത്തിന് പോലീസും മിലിട്ടറിയും
Thursday, September 28, 2023 4:58 PM IST
കൊല്ലം: അജ്ഞാത സംഘം ആക്രമിച്ച ശേഷം മുതുകിൽ പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് ചാപ്പ കുത്തിയെന്ന് പറഞ്ഞ് വ്യാജ പരാതി നൽകിയതിന് അറസ്റ്റിലായവരെ പോലീസും മിലിട്ടറി ഇന്റലിജൻസും കൂടുതൽ ചോദ്യം ചെയ്യും.
ഇതിനായി ഇപ്പോൾ പുനലൂർ കോടതിയിൽ റിമാൻഡിൽ കഴിയുന്ന സൈനികൻ ഷൈൻ (35), സൃഹൃത്ത് ജോഷി (40) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇതിന് അടുത്ത ദിവസം തന്നെ കോടതിയിൽ അപേക്ഷ നൽകും.
സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് നടത്തുന്ന അന്വേഷണവും തുടരുകയാണ്. ഒരുമാസം മുമ്പാണ് ഷൈൻ രാജസ്ഥാനിലെ ആർമി ക്യാമ്പിൽ നിന്ന് കടയ്ക്കലിലെ വീട്ടിൽ എത്തിയത്. തിങ്കളാഴ്ച മടങ്ങി പോകാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.
മടക്കയാത്ര നിശ്ചയിച്ച് ഉറപ്പിച്ച സാഹചര്യത്തിൽ തിടുക്കത്തിൽ ഇങ്ങനെ ഒരു വ്യാജക്കഥ ഉണ്ടാക്കാൻ എന്താണ് പ്രേരണ എന്ന കാര്യത്തിൽ പോലീസിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. പ്രശസ്തി ലഭിക്കാൻ വേണ്ടിയാണ് ചെയ്തതെന്ന ഷൈനിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുത്തിട്ടുമില്ല.
ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. ഇതിനായി ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതൃത്വവുമായി ഷൈനിന് എന്തങ്കിലും മുൻ വിരോധം ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുമ്പോൾ പോലീസ് സാന്നിധ്യത്തിൽ മിലിട്ടറി ഇന്റലിജൻസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിന് സാധിച്ചില്ലങ്കിൽ കോടതിയിൽ നിന്ന് അനുമതി വാങ്ങി ജയിലിൽ എത്തി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ നടത്തിയ സംഭവം എന്നതിന്റെ അടിസ്ഥാനത്തിൽ എൻഐഎയും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച പ്രാഥമിക വിവര ശേഖരണം നടത്തിക്കഴിഞ്ഞു.