കണ്ണൂരിൽ വൈദ്യുത ടവർ നിർമാണം തടഞ്ഞ് സജീവ് ജോസഫ് എംഎൽഎയും സംഘവും
Thursday, September 28, 2023 4:11 PM IST
കണ്ണൂർ: കുടിയാൻമലയിൽ വൈദ്യുത വകുപ്പ് സ്ഥാപിക്കുന്ന 400 കെവി ടവറിന്റെ നിർമാണം തടഞ്ഞ് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫും സംഘവും.
കരിന്തളം - വയനാട് 400 കെവി വൈദ്യുത ലൈനിന്റെ ഭാഗമായി പൊട്ടൻപ്ലാവ് മേഖലയിൽ സ്ഥാപിക്കുന്ന ടവറിന്റെ നിർമാണമാണ് എംഎൽഎ തടഞ്ഞത്. പ്രതിഷേധവുമായി എംഎൽഎ എത്തിയതോടെ ടവറിന്റെ നിർമാണം കരാറുകാർ താൽക്കാലികമായി നിർത്തിവച്ചു.
വൈദ്യുത ടവറിനായി ഏറ്റെടുത്ത കൃഷിഭൂമിക്ക് മതിയായ നഷ്ടപരിഹാരം കൈമാറിയില്ലെന്ന് ആരോപിച്ചാണ് എംഎൽഎയും സംഘവും നിർമാണം തടഞ്ഞത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണിവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി കർഷകർ നേരത്തെ പരാതിയുന്നയിച്ചിരുന്നു. നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിനായി ഇരിട്ടിയിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നുവെങ്കിലും അന്തിമതീരുമാനം കൈക്കൊണ്ടിരുന്നില്ല.
നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കും മുമ്പുതന്നെ കരാറുകാർ നിർമാണം ആരംഭിച്ചതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.