കരുവന്നൂർ ബാങ്കിലെ ആധാരങ്ങൾ ഇഡിയുടെ പക്കൽ; പണം ഉറപ്പായും തിരികെ ലഭിക്കുമെന്ന് മന്ത്രി വാസവൻ
Thursday, September 28, 2023 12:22 PM IST
കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന ആധാരങ്ങൾ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധനയ്ക്കായി കൊണ്ടുപോയതിനാലാണ് അവ പെട്ടെന്ന് തിരികെ നൽകാൻ സാധിക്കാത്തതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് വാസവൻ പറഞ്ഞു. തിരികെ ആവശ്യപ്പെട്ട 208 കോടി രൂപയില്‍ 76 കോടി രൂപ നിക്ഷേപകർക്ക് മടക്കിക്കൊടുത്തു. 110 കോടിയുടെ നിക്ഷേപങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ട്.
നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടപ്പെടാതെ തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
162 ആധാരങ്ങളാണ് ഇഡി എടുത്തുകൊണ്ടുപോയത്. ബാങ്കിൽ നിന്ന് ആധാരം എടുത്തുകൊണ്ടുപോകാന്‍ ഇഡിക്ക് എന്തവകാശമാണ് ഉള്ളതെന്ന് ചോദിച്ച മന്ത്രി, വ്യാജ രേഖകളെപ്പറ്റി പരിശോധിക്കുന്നതിന് ആരും എതിരല്ലെന്നും കൂട്ടിച്ചേർത്തു.