എം.എസ്. സ്വാമിനാഥന് അന്തരിച്ചു; വിടവാങ്ങിയത് ഹരിതവിപ്ലവത്തിന്റെ പിതാവ്
Thursday, September 28, 2023 12:12 PM IST
ചെന്നൈ: ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്(98) അന്തരിച്ചു. ഇന്ന് രാവിലെ 11.20ന് ചെന്നൈയിലായിരുന്നു അന്ത്യം.
ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തയിലേക്ക് നയിച്ച പ്രതിഭയായാണ് പാതി മലയാളി കൂടിയായ സ്വാമിനാഥന് വിലയിരുത്തപ്പെടുന്നത്. സ്വാമിനാഥന്റെ പരിഷ്കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കി മാറ്റിയത്.
ആലപ്പുഴയിലെ മങ്കൊന്പാണ് ജന്മദേശം. നിലവില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ആയിമാറിയ പഴയ മഹാരാജാസ് കോളജില്‍ ആയിരുന്നു ബിരുദ പഠനം. തുടർന്ന് ഗവേഷണ മേഖലയിലേക്ക് തിരിഞ്ഞ സ്വാമിനാഥൻ ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞനായി മാറുകയായിരുന്നു.
ടൈം മാഗസിന് പുറത്തുവിട്ട, ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള 20 പേരുടെ പട്ടികയിലും സ്വാമിനാഥൻ ഇടംപിടിച്ചു.
1972 മുതല്‍ 79 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്ന സ്വാമിനാഥന് രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മീഷന് ചെയര്മാന് തുടങ്ങിയ നിലകളിലും മികവു തെളിയിച്ചു.
പത്മശ്രീ,പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം സ്വാമിനാഥനെ ആദരിച്ചു. മാഗ്സസെ അവാർഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. 1987ൽ ലോക ഭക്ഷ്യ പുരസ്കാരത്തിന്റെ ആദ്യത്തെ സ്വീകർത്താവും സ്വാമിനാഥനായിരുന്നു.
84 രാജ്യങ്ങളിൽ നിന്നു ഡോക്ടറേറ്റുകൾ, മെൻഡൽ മെമ്മോറിയൽ മെഡൽ, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് സയൻസ് അവാർഡ്, ടൈലർ പ്രൈസ് ഫോർ എൻവിയോൺമെന്റൽ അച്ചീവ്മെന്റ് തുടങ്ങിയവ നേട്ടങ്ങളിൽ ചിലതാണ്.
50 ഇയേഴ്സ് ഓഫ് ഗ്രീൻ റെവല്യൂഷൻ, സയൻസ് ആൻഡ് സസ്റ്റെയിനബിൾ ഫൂഡ് സെക്യൂരിറ്റി, കോംബാറ്റിംഗ് ഹംഗർ ആൻഡ് ഫൂഡ് സെക്യൂരിറ്റി തുടങ്ങിയ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.