കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയം; മണിപ്പൂരിൽ പ്രമുഖ സിനിമാതാരം ബിജെപി വിട്ടു
Thursday, September 28, 2023 12:04 PM IST
ഇംഫാൽ: കലാപം നിയന്ത്രിക്കുന്നതിൽ മണിപ്പുർ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് പ്രമുഖ മണിപ്പൂരി നടൻ രാജ്കുമാർ കൈക്കു (സോമേന്ദ്ര) ബിജെപിയിൽ നിന്നു രാജിവച്ചു.
കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾ കൂടി മണിപ്പൂരിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്കുമാറിന്റെ രാജി.
രണ്ട് കുക്കി സിനിമകളുൾപ്പെടെ 400ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള രാജ്കുമാർ ബിജെപി സംസ്ഥാന ഭാരവാഹികൾക്ക് ബുധനാഴ്ച രാജിക്കത്ത് കൈമാറി.
ഇംഫാൽ വെസ്റ്റ് സ്വദേശിയായ രാജ്കുമാർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് താരം ബിജെപിയിൽ ചേർന്നത്.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു. തന്റെ പ്രഥമ പരിഗണന ജനങ്ങൾക്കാണെന്നും പാര്‍ട്ടി രണ്ടാമതാണെന്നും രാജ്കുമാർ രാജിക്കത്തിൽ വ്യക്തമാക്കി.
നാലു മാസമായി തുടരുന്ന കലാപം നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഫലപ്രദമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും രാജ്കുമാർ പറഞ്ഞു. അതേസമയം, രാജ്കുമാർ തീരുമാനം പുനഃപരിശോധിത്തണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.
കലാപം തെല്ലൊന്നൊതുങ്ങി നിന്ന സാഹചര്യത്തിലാണ് വിദ്യാർഥികളുടെ കൊലപാതക വിവരം പുറത്തെത്തുന്നത്. ഇതോടെ വീണ്ടും സംഘർഷം രൂക്ഷമാവുകയായിരുന്നു.
പ്രതിഷേധക്കാർ തൗബാലിൽ ബിജെപി ഓഫീസിന് തീയിടുകയും മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഇതോടെ ഇംഫാൽ താഴ്വരയെ ഒഴിവാക്കി മണിപ്പൂരിലെ മറ്റു പ്രദേശങ്ങളെ പ്രശ്നബാധിതപ്രദേശങ്ങളായി സർക്കാർ വീണ്ടും പ്രഖ്യാപിച്ചു.
സംഘർഷ പ്രദേശങ്ങളിൽ പ്രത്യേക സൈനികാധികാരനിയമം (അഫ്സ്പ) അടുത്ത ആറു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.