"പറഞ്ഞതെല്ലാം വിഴുങ്ങി ഒളിച്ചോടുന്നത് സിപിഎം ശൈലി'; സി.എൻ. മോഹനനെതിരെ കുഴൽനാടൻ
Thursday, September 28, 2023 11:33 AM IST
കൊച്ചി: തനിക്ക് പങ്കാളിത്തമുള്ള അഭിഭാഷക സ്ഥാപനമായ കെഎംഎന്പിയെ ആക്ഷേപിച്ചിട്ടില്ലെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്.മോഹനന്റെ ന്യായീകരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ.
കെഎംഎന്പി അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകവേ നിലപാട് മാറ്റിയ മോഹനൻ, പറഞ്ഞതെല്ലാം വിഴുങ്ങി ഒളിച്ചോടുന്ന സിപിഎം ശൈലിയാണ് സ്വീകരിച്ചതെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ കുഴൽനാടൻ പരിഹസിച്ചു.
എതിർക്കുന്നവരെ, അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നതാണ് സിപിഎം ശൈലി. കൂടാതെ, അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും ശ്രമിക്കും. ഇതൊന്നും വിലപ്പോകാതെ വരുമ്പോൾ കായികമായി നേരിടാൻ ശ്രമിക്കും.
ഇത് കാലങ്ങളായി സിപിഎം പിന്തുടരുന്ന ഫാസിസ്റ്റ് ശൈലിയാണ്. നമ്മൾ ഇതിനെ ചങ്കുറപ്പോടെ നേരിടാൻ ഇറങ്ങിയാൽ അവർ പിന്നോട്ട് പോകുന്ന കാഴ്ച കാണാമെന്ന് കുഴൽനാടൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ ശേഷം വക്കീൽ നോട്ടിസിന് രഹസ്യമായി മറുപടി അയച്ച് എല്ലാം ഒതുക്കാമെന്ന് മോഹനൻ വിചാരിക്കേണ്ട; നിയമനടപടികളുമായി മുന്നോട്ട് പോകും.
തന്റെ സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം അയച്ച മറുപടിയിൽ പറയുന്നത്. കെഎംഎൻപി ലോയേക്കുറിച്ച് ഞാൻ പറഞ്ഞതല്ലാത്ത കാര്യങ്ങളൊന്നും അറിയില്ല എന്നും മറുപടിയിലുണ്ട്.
മാത്യു കുഴൽനാടൻ എന്ന രാഷ്ട്രീയക്കാരനെതിരെ പറഞ്ഞതല്ലാതെ, വക്കീൽ നോട്ടിസ് അയച്ച നിയമസ്ഥാപനത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് ആവശ്യങ്ങൾ പിൻവലിച്ച് കേസിന് പോകരുതെന്നും മോഹനൻ ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.