"രാജ്യത്തെ നാണംകെടുത്തി'; നാസി പോലീസുകാരനെ ആദരിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ട്രൂഡോ
Thursday, September 28, 2023 7:14 AM IST
ഒട്ടാവ: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പോലീസുകാരനായിരുന്ന യുക്രെയിൻ വംശജനെ പാർലമെന്റിൽ ആദരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇത് പാർലമെന്റിനെയും രാജ്യത്തെയും നാണംകെടുത്തിയ തെറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസികയുടെ കനേഡിയൻ സന്ദർശനവേളയിലായിരുന്നു സംഭവമുണ്ടായത്. യുറോസ്ലാവ് ഹൻക എന്ന തൊണ്ണൂറ്റെട്ടുകാരനാണ് ആദരിക്കപ്പെട്ടത്. റഷ്യയ്ക്കെതിരെ യുദ്ധം ചെയ്ത ‘യുക്രെയ്ൻ ഹീറോ’എന്നാണ് ഇയാളെ കാനഡ സ്പീക്കർ ആന്റണി റോട്ട വിശേഷിപ്പിച്ചത്.
സംഭവം വിവാദമായതോടെ റോട്ട ചൊവ്വാഴ്ച രാജിവച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിവില്ലാതിരുന്നതാണ് സംഭവത്തിനു കാരണമെന്നു പറഞ്ഞ സ്പീക്കർ യഹൂദരോടു മാപ്പും ചോദിച്ചിരുന്നു.