സ്റ്റേഷനിലെത്തി പോലീസുകാരുടെ യൂണിഫോം ധരിക്കല്‍ ഇനി വേണ്ട
സീമ മോഹന്‍ലാല്‍
Wednesday, September 27, 2023 10:41 PM IST
കൊച്ചി: ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിൽനിന്നു തന്നെ യൂണിഫോം ധരിച്ചെത്തണമെന്ന് എറണാകുളം റേഞ്ച് ഡിഐജിയുടെ സര്‍ക്കുലര്‍. പോലീസ് സ്റ്റേഷനുകളിലെ വിശ്രമമുറികളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകള്‍ തൂക്കിയിടാനോ ഷൂ, തൊപ്പി എന്നിവ സൂക്ഷിക്കാനോ പാടില്ലെന്നും എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ സര്ക്കുലറിലുറിൽ പറയുന്നു.
സ്റ്റേഷനുകളിലെ താല്‍ക്കാലിക വിശ്രമമുറികളില്‍ ചിട്ടയില്ലാതെയും അലങ്കോലമായും ഇട്ടിരിക്കുന്ന യൂണിഫോമുകള്‍, തൊപ്പികള്‍, ഷൂകള്‍ എന്നിവ അതാത് ഉദ്യോഗസ്ഥകര്‍ 28-ന് മുമ്പായി നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. വിശ്രമമുറികളില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കായി മൂന്നു കട്ടിലുകളും വനിതാ ഉദ്യോഗസ്ഥര്‍ക്കായി രണ്ടുകട്ടിലുകളും മാത്രമേ പാടുള്ളൂ. അധികമുള്ള കട്ടിലുകള്‍ 28 ന് മുമ്പായി സ്റ്റേഷന് റൈറ്റര്‍ നീക്കം ചെയ്യണമെന്നും സര്‍ക്കുലറിലുണ്ട്.
ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സര്‍ക്കുലര്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ നിരന്തര സാന്നിധ്യം ഉറപ്പാക്കാനാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ ഈ ഉത്തരവ്.
സ്റ്റേഷനില്‍ ഡ്യൂട്ടിക്കായി വന്നിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി കഴിഞ്ഞു പോകുന്നതുവരെ യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യണം. അടിയന്തര സാഹചര്യങ്ങളിലോ മേലധികാരിയുടെ പ്രത്യേക നിര്‍ദേശമോ ഇല്ലാതെ മഫ്തിയില്‍ പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലറിലുണ്ട്.
കഴിഞ്ഞ 19ന് എറണാകുളം റേഞ്ച് ഓഫീസില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എറണാകുളം റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, വൈക്കം എഎസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖ് എന്നിവരെ പങ്കെടുപ്പിച്ച് റേഞ്ച് ഡിഐജി യോഗം വിളിച്ചിരുന്നു. അതിനുശേഷമാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്.
എറണാകുളം റൂറല്‍ ജില്ലയില്‍ 2000 പോലീസ് ഉദ്യോഗസ്ഥരും കോട്ടയത്ത് 1600 പേരും ആലപ്പുഴയില്‍ 1300 പേരും ഇടുക്കിയില്‍ 1200 പേരുമാണ് ജോലി ചെയ്യുന്നത്. പലരും ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരുമാണ്.
പോക്സോ കേസിലെ ഇരകളുടെ മൊഴിയെടുക്കുമ്പോഴും കുട്ടിക്കുറ്റവാളികളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോഴുമൊക്കെ പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലായിരിക്കണമെന്ന് നിര്‍ദേശമുള്ളത്.
ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ യൂണിഫോമിലായിരിക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതോടൊപ്പം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന പല ഉദ്യോഗസ്ഥരും രണ്ടു മണിക്കൂറെങ്കിലും സ്റ്റേഷനില്‍ ഉറങ്ങിയ ശേഷമാണ് അന്യജില്ലയിലെ വീടുകളിലേക്ക് മടങ്ങുന്നതും. ഇത്തരം സാഹചര്യങ്ങളില്‍ വിശ്രമമുറികളില്‍ രണ്ടു കട്ടില് മാത്രം മതിയെന്ന ഉത്തരവ് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.