പത്തനംതിട്ട സഹകരണ ബാങ്ക് ജയം; നേതാവിന്റെ പ്രസംഗത്തിൽ വെട്ടിലായി കോണ്‍ഗ്രസ്
Wednesday, September 27, 2023 10:16 PM IST
പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്തെങ്കിലും ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാറിന്റെ പ്രസംഗം പൊല്ലാപ്പായി. ഇടതുപാനലിനുവേണ്ടി വ്യാപക കള്ളവോട്ട് നടന്നുവെന്നും എസ്എഫ്ഐ നേതാവ് അഞ്ചുതവണ ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ വെട്ടിലായ സിപിഎമ്മിന് പിടിവള്ളിയായാണ് സുരേഷ് കുമാറിന്റെ പ്രസംഗം വന്നു വീണത്. വോട്ടെടുപ്പില്‍ വിജയിച്ചശേഷമുള്ള ആഹ്ലാദപ്രകടനത്തിനിടെയാണ് സുരേഷ് ആവേശം കൊണ്ടത്.
കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാന്‍ ഇവന്മാര്ക്ക് മാത്രമല്ല, ഞങ്ങള്‍ക്കും അറിയാം എന്നത് വളരെ വ്യക്തമായികാണിച്ചു കൊടുത്തിരിക്കുകയാണ് എന്ന സുരേഷിന്റെ പ്രസംഗമാണ് ഇപ്പോള്‍ സിപിഎം വേദിയില്‍ പ്രചരിക്കുന്നത്. ആവേശം കൊണ്ടു പറഞ്ഞു പോയതാണെന്ന ന്യായീകരണമാണ് ഇതിനു കോണ്‍ഗ്രസിനുള്ളത്.
ഞായറാഴ്ച നടന്ന ബാങ്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വ്യാപകമായ കള്ളവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫും യുഡിഎഫും പരസ്പരം കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായത് സിപിഎം നേതൃത്വമാണ്.
വര്‍ഷങ്ങളായി യുഡിഎഫ് ഭരണത്തിലുള്ള പത്തനംതിട്ട സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയ്ക്കു പുറത്തുള്ളവരെ എത്തിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്തതെന്നാണ് ആരോപണം. കള്ളവോട്ട് ആരോപണം നേതാക്കള്‍ നിഷേധിച്ചിരിക്കുകയാണ്.
പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകള്‍ മാത്രമാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധിയെന്നിരിക്കേ തിരുവല്ല, അടൂര്‍, മല്ലപ്പള്ളി ഭാഗങ്ങളിലുള്ള സിപിഎം പ്രാദേശിക നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും വോട്ടെടുപ്പ് നടന്ന പത്തനംതിട്ട മാര്‍ത്തോമ്മ സ്കൂള്‍ പരിസരത്ത് മുഴുവന്‍ സമയവുമുണ്ടായിരുന്നു. കള്ളവോട്ട് സംബന്ധിച്ച് നിയമനടപടിക്ക് ആലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
കള്ളവോട്ട് ചെയ്തതു തങ്ങളാണെന്ന് ഡിസിസി വൈസ് പ്രസിഡന്റു തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതിനെതിരേ നിയമനടപടി ആലോചിക്കുന്നതായും സിപിഎം നേതാക്കള്‍ പറഞ്ഞു.