മന്ത്രി വീണയുടെ പേഴ്സണൽ സ്റ്റാഫിനെതിരേ കൈക്കൂലി ആരോപണം; പരാതി ഡിജിപിക്ക് കൈമാറി
Wednesday, September 27, 2023 1:13 PM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം. ഡോക്ടര്‍ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
ഇടനിലക്കാരനായ പത്തനംതിട്ട സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും 25000 രൂപ വാങ്ങിയെന്ന് മലപ്പുറം സ്വദേശി ഹരിദാസന് നല്കിയ പരാതിയില്‍ പറയുന്നു. മന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അപേക്ഷ നല്കിയ ആളാണ് പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ നിത രാജ്. അപേക്ഷ നല്‍കിയതിന് പിന്നാലെ അഖില്‍ സജീവ് തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സ്ഥിരനിയമനത്തിന് 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായി അഞ്ച് ലക്ഷം നല്‍കണമെന്ന് പറഞ്ഞു. ആദ്യം അഖില്‍ സജീവിന് പണം നല്കി. പിന്നീട് തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍വച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് സ്ഥിരനിയമനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. നിയമനനടപടികള്‍ നടക്കാതിരുന്നതോടെ ഇയാള്‍ മന്ത്രിയുടെ ഓഫീസിന് പരാതി നല്‍കുകയായിരുന്നു.
പരാതി ഡിജിപിക്ക് കൈമാറിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.