അഭിമാനം! ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണിയുടെ 2018
Wednesday, September 27, 2023 1:10 PM IST
ന്യൂഡൽഹി: ഓസ്കർ നോമിനേഷനിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.
വിദേശഭാഷ ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം പരിഗണിക്കുന്നത്. പ്രശസ്ത സംവിധായകൻ ഗിരീഷ് കസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്.
2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം പ്രമേയമാക്കി ജൂഡ് സംവിധാനം ചെയ്ത ചിത്രമാണിത്. ടൊവീനോ തോമസായിരുന്നു ചിത്രത്തിലെ നായകൻ. കേരളത്തിലെ ജനതയുടെ ത്രസിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ മികച്ച ടെക്നിക്കൽ പെർഫെക്ഷനോട് കൂടി ഒരുക്കിയ ചിത്രമാണ് 2018.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ.റോണി, അപർണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
മോഹൻലാൽ ചിത്രമായ ഗുരുവാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് ആണ് ഇതിനു മുമ്പ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.