ഗ്രീഷ്മയ്ക്ക് ജാമ്യം; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഷാരോണിന്റെ കുടുംബം
Wednesday, September 27, 2023 10:57 AM IST
തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ കുടുംബം. ഗ്രീഷ്മ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അവര്‍ ആരോപിച്ചു.
കേസില്‍ പോലീസ് അന്വേഷണം കൃത്യമായി നടത്തി. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അലസതയുണ്ടായി. വിചാരണ വൈകിപ്പിച്ചത് മനഃപൂര്‍വമാണ്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മ കഴിഞ്ഞദിവസമാണ് ജയില്‍മോചിതയായത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ നീളാനുള്ള സാധ്യതയുണ്ടെന്നും ഇതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഗ്രീഷ്മയുടെ അഭിഭാഷകര്‍ വാദിച്ചത്.
ഈ വാദം അംഗീകരിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും നടപടികള്‍ വൈകിയതിനാല്‍ ജയില്‍മോചനം വൈകി. മാവേലിക്കര കോടതിയില്‍ നിന്നുള്ള രേഖകള്‍ ജയിലില്‍ ഹാജരാക്കി അഭിഭാഷകര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതോടെയാണ് ഗ്രീഷ്മ പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. ഗ്രീഷ്മ ആണ്‍സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.
മരണമൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം എന്നായിരുന്നു പോലിസിന്റെ കണ്ടെത്തൽ. ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.