സിപിഎം ഭരിക്കുന്ന തിരുവല്ല കുറ്റൂര്‍ ബാങ്കിലും ക്രമക്കേട്; സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
Wednesday, September 27, 2023 10:06 AM IST
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന തിരുവല്ല കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്. ബാങ്കിന്റെ പ്രവര്‍ത്തനപരിധി ലംഘിച്ച് പാര്‍ട്ടി നേതാക്കള്‍ക്ക് വായ്പ നല്‍കിയെന്നടക്കം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വായ്പ നല്കാന് സഹകരണ ബാങ്കിന് പ്രവര്‍ത്തന പരിധിയുണ്ട്. അത് വ്യാപകമായി ലംഘിച്ച് ലോണുകള്‍ നല്കി. സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണിയുടെ ഭാര്യക്ക് വ്യാജ മേല്‍വിലാസത്തില്‍ 20 ലക്ഷം രൂപ വായ്പ അനുവദിച്ചു.
ഇതിന് ഈട് നല്കിയ സ്ഥലത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയതിന് രേഖകളില്ല. അംഗത്വം നല്കിയ അതേദിവസം തിടുക്കപ്പെട്ട് വായ്പ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എംസി റോഡരികില്‍ ബാങ്കിന് പുതിയ കെട്ടിടം നിര്‍മിച്ചതില്‍ ചട്ടവിരുദ്ധ നീക്കങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ടെന്‍ഡര്‍ വിളിച്ചത് മുതല്‍ കെട്ടിട നിര്‍മാണത്തില്‍ വരെ ഗുരുതര വീഴ്ച ഉണ്ടായി. ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മിച്ചതോടെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാകാത്ത സ്ഥിതിയിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളി ബാങ്ക് ഭരണസമിതി രംഗത്തെത്തി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളില്‍ സഹകരണവകുപ്പിന് കൃത്യമായ മറുപടി നല്‍കിയെന്നും ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമം ആണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രസിഡന്റ് അനീഷ് വി.എസ് പറഞ്ഞു.
അടിയന്തരമായി ചികിത്സ ആവശ്യത്തിനാണ് 20 ലക്ഷം രൂപ വായ്പ എടുത്തതെന്നാണ് ഫ്രാന്‍സിസ് വി.ആന്റണിയുടെ വിശദീകരണം. കാലാവധിക്ക് മുന്‍പ് തന്നെ പണം തിരിച്ചടച്ചെന്നും ഇയാള്‍ പ്രതികരിച്ചു.