തമീം ഇഖ്ബാൽ ഔട്ട്; ബംഗ്ലാദേശിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
Wednesday, September 27, 2023 5:23 AM IST
ധാക്ക: ഇന്ത്യയില്‍ നടക്കുന്ന 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് ടീമിനെ നയിക്കുന്നത്.
നേരത്തേ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ടീമിലേക്ക് മടങ്ങിവന്ന താരമാണ് തമീം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടല്‍ മൂലമാണ് താരം വിരമിക്കല്‍ പിന്‍വലിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം 44 റണ്‍സെടുത്തിരുന്നു. എന്നാല്‍ പുറത്ത് പരിക്കേറ്റതിനാല്‍ ഏഷ്യാകപ്പ് നഷ്ടമായി.
പൂര്‍ണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്ത താരങ്ങളെ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കരുതെന്ന് ക്രിക്കറ്റ് ബോര്‍ഡിനോട് ഷാക്കിബ് അല്‍ ഹസന് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.