വിമാനത്തിൽ കുട്ടിക്ക് സീറ്റ് കിട്ടാത്ത സംഭവം: സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നൽകി
Wednesday, September 27, 2023 4:58 AM IST
ജിദ്ദ: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നൽകിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു. ഭാവിയില്‍ സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ 33,000 രൂപയുടെ വൗച്ചര്‍ സ്പൈസ് ജെറ്റ് വിമാന കമ്പനിയില്‍ നിന്നും ലഭിച്ചതായി പരാതിക്കാരി അറിയിച്ചു.
ഈ മാസം 12ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ് ജെറ്റിന്റെ എസ്.ജി 35 വിമാനത്തിലാണ് വിമാന ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഉംറ വിസയില്‍ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസുള്ള കുട്ടിക്ക് സീറ്റ് നല്‍കിയില്ല എന്നതായിരുന്നു പരാതി.
യാത്രയിലുടനീളം കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നതായി ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും സഹിതമാണ് മാതാവ് പരാതി നൽകിയിരുന്നത്. പരാതിയെക്കുറിച്ച് സ്പൈസ് ജെറ്റ് കമ്പനി ബന്ധപ്പെട്ട ജീവനക്കാരോടും ട്രാവല്‍ ഏജന്‍സിയോടും വിശദീകരണം ചോദിച്ചിരുന്നു.