"രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഉതകുന്ന രീതിയിലാകരുത് ഭീകരവിരുദ്ധ നിലപാട്'; യുഎന്നിൽ കാനഡയെ വിമർശിച്ച് ഇന്ത്യ
Tuesday, September 26, 2023 7:59 PM IST
ന്യൂയോർക്ക്: ഖലിസ്ഥാൻ അനുകൂല പ്രസ്ഥാനങ്ങൾക്ക് തണലൊരുക്കിയും ഇന്ത്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചും കാനഡ നിലകൊള്ളുന്നതിനിടെ, ഐക്യരാഷ്ട്ര സഭയിൽ കാനഡയ്ക്കെതിരെ പരോക്ഷ വിമർശനമുയർത്തി ഇന്ത്യ.
രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഉതകുന്ന രീതിയിലാകരുത് രാജ്യങ്ങളുടെ ഭീകരവിരുദ്ധ നിലപാടുകളെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രസ്താവിച്ചു. ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.
രാജ്യാന്തര അതിർത്തികളെ മാനിക്കുന്നത് തെരഞ്ഞെടുക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാകരുതെന്ന് ജയശങ്കർ പറഞ്ഞു. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുക എന്ന നയതന്ത്ര മര്യാദ പാലിക്കേണ്ടതുണ്ട്. ഈ പ്രബോധനത്തിൽ നിന്ന് വിരുദ്ധമായ പ്രവർത്തികൾ ഉണ്ടായാൽ അത് വിളിച്ചുപറയാനുള്ള ധൈര്യം ഏവർക്കും ഉണ്ടാകണം.
ചില രാജ്യങ്ങൾ മാത്രം അജൻഡ നിശ്ചയിക്കുന്ന കാലം അവസാനിച്ചു. ചേരിചേരാ നയത്തിന്റെ കാലത്തിൽ നിന്നും മുന്നേറി "വിശ്വമിത്രം' ആയി ഇന്ത്യ മാറിക്കഴിഞ്ഞു.
"ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി' എന്ന ഇന്ത്യൻ ആശയം നിരവധി രാജ്യങ്ങളുടെ നിലപാടുകളുടെ മാനിക്കുന്നതാണ്. ജി-20 കൂട്ടായ്മയിലേക്ക് ആഫ്രിക്കൻ യൂണിയനെ സ്വാഗതം ചെയ്തത് സൂചിപ്പിച്ചാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.
വാക്സിൻ മുന്നേറ്റത്തിൽ നിന്ന് ചിലരെ മാറ്റിനിർത്തുന്ന സ്ഥിതി ഇനി ഉണ്ടാകരുതെന്നും കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാൻ ശക്തമായ നീക്കങ്ങൾ വേണമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.