"വല്യേട്ടനെ'തിരായ ആരോപണങ്ങൾ; സിപിഐ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് കുഴൽനാടൻ
Tuesday, September 26, 2023 6:37 PM IST
കൊച്ചി: സിപിഎമ്മിനെതിരായി തുടർച്ചയായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ സിപിഐ പാലിക്കുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇടയ്ക്ക് മുക്കുകയോ മൂളുകയോ ചെയ്തിരുന്ന സിപിഐ ഇപ്പോൾ ഒന്നിലും അഭിപ്രായം പറയാറില്ലെന്ന് കുഴൽനാടൻ പരിഹസിച്ചു.
സിപിഐയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ കുഴൽനാടൻ, സിപിഐ നേതാക്കളെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തി വരുതിയിൽ വച്ചിരിക്കുകയാണെന്ന് ആക്ഷേപിച്ചു.
വിവാദവിഷയങ്ങളിൽ എന്തുകൊണ്ട് സിപിഐ പോലും അഭിപ്രായം പറയുന്നില്ല എന്ന് കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാർ പോലും അദ്ഭുതപ്പെടുന്നു.
തിരുത്തൽ ശക്തിയെന്ന് പറയാൻ കഴിയില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും മുക്കുകയോ മുരളുകയോ ചെയ്തിരുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. സിപിഐ നേതാക്കളെ സിപിഎം വരുതിയിൽ നിർത്തിയിരിക്കുന്നുവെന്നാണ് പിന്നാമ്പുറ കഥകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.