ഡൽഹിയിലെ ജ്വല്ലറിയിൽ വൻ കവർച്ച; 25 കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു
Tuesday, September 26, 2023 6:36 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി ജംഗ്പുരയിലെ പ്രമുഖ ആഭരണശാലയിൽ നിന്നും 25 കോടി വിലമതിക്കുന്ന ആഭരണങ്ങള്‍ കവർന്നതായി വിവരം. ഉംറാവു സിംഗ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്.
തിങ്കളാഴ്ച ജ്വല്ലറിയ്ക്ക് അവധിയായതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
ജ്വല്ലറി ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജ്വല്ലറിയിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു മോഷണം.
നാലു നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെ ജ്വല്ലറിയിൽ കടന്ന മോഷ്ടാക്കൾ സ്ട്രോംഗ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്ത് പ്രവേശിച്ചത്.
ഏറ്റവും താഴത്തെ നിലയിലുള്ള സ്ട്രോംഗ് റൂമിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതുകൂടാതെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചസംഘം കൊണ്ടുപോയി. സ്വര്‍ണ, വജ്രാഭരണങ്ങൾ കവർന്ന സംഘം വെള്ളിയാഭരണങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ നിന്ന് മോഷണത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.