പാര്‍ട്ടി അരവിന്ദാക്ഷനൊപ്പം, ഇഡിക്ക് വഴങ്ങാന്‍ മനസില്ല: എം.വി.ഗോവിന്ദന്
Tuesday, September 26, 2023 3:58 PM IST
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇഡിയുടേത് പ്രതികാര നടപടിയാണെന്ന് ഗോവിന്ദന് ആരോപിച്ചു.
ഇഡി ഓഫീസില്‍ നേരത്തേ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മര്‍ദിച്ചതിന് പോലീസില്‍ പരാതി നല്‍കിയതിനാണ് അരവിന്ദാക്ഷനെ വേട്ടയാടുന്നതെന്നും ഗോവിന്ദന് പ്രതികരിച്ചു. ഇഡിയുടേത് തെറ്റായ നടപടിയാണ്. ഇഡി ആവശ്യപ്പെട്ട മൊഴി നല്‍കാത്തതിന് വേട്ടയാടുകയാണെന്നും ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമുണ്ട്. ഇഡിക്ക് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ല. സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയോടെയാണ് അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.