സൈനികന്റെ പുറത്ത് പിഎഫ്ഐ ചാപ്പ കുത്തിയെന്ന പരാതി വ്യാജം; ഷൈനും സുഹൃത്തും കസ്റ്റഡിയില്‍
Tuesday, September 26, 2023 1:29 PM IST
കൊല്ലം: കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് ഇയാളുടെ പുറത്ത് നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതിയെന്ന പരാതി വ്യാജമെന്ന് പോലീസ്. സംഭവത്തില്‍ സൈനികനായ ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷൈന്‍ കുമാറിന്റെ സുഹൃത്ത് ജോഷിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പെയിന്റുകൊണ്ട് ഷൈനിന്റെ പുറത്ത് എഴുതിച്ചത് തന്നെക്കൊണ്ടാണ്.
ആദ്യം ഡിഎഫ്ഐ എന്നാണ് താന്‍ കേട്ടത്. ഇങ്ങനെ എഴുതിക്കഴിഞ്ഞ് പിന്നീട് മായിച്ച ശേഷമാണ് പിഎഫ്ഐ എന്ന് എഴുതിയത്. മര്‍ദിക്കാന്‍ ഇയാള്‍ ആവശ്യപെട്ടുവെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി പറഞ്ഞു.
ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍ ടീഷര്‍ട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു.
ഇയാളുടെ പുറത്ത് എഴുതാന്‍ ഉപയോഗിച്ച ബ്രഷും പെയിന്റും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
തന്നെ മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് ശരീരത്തില്‍ ചാപ്പ കുത്തിയെന്നായിരുന്നു കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാര്‍ പൊലീസില്‍ നല്കിയ പരാതി. പിന്നാലെ കണ്ടാലറിയുന്ന ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഇരുവരുടെയും മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പോലീസിന് ബോധ്യപ്പെടുകയായിരുന്നു.