കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിനു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം
Tuesday, September 26, 2023 12:20 PM IST
കോട്ടയം: അയ്മനത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ കർണാടക ബാങ്കിനു മുന്നിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെയും സെക്രട്ടറിയുടെയും നേത്യത്വത്തിൽ കോട്ടയത്തെ കർണാടക ബാങ്കിന്റെ ബ്രാഞ്ചിന് മുന്നിലാണ് പ്രതിഷേധമാർച്ച് നടത്തുന്നത്.
ബാങ്കിന് മുന്നിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചത് ചെറിയ സംഘർത്തിലേയ്ക്കെത്തിയിരുന്നു. പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും നടന്നു. ശേഷം നേതാക്കൻമാർ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.
കരുവന്നൂരടക്കമുള്ള സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെയും യുഡിഎഫിന്റെയും ശ്രമങ്ങൾക്കിടിയിൽ സ്വകാര്യ ബാങ്കുകൾ സാധാരണക്കാരെ ബുദ്ധിമുട്ടിപ്പിക്കുകയാണെന്നാണ് ഡിവൈഎഫ്ഐ ഉന്നയിക്കുന്ന ആരോപണങ്ങൾ.
കർണാടക ബാങ്ക് ജീവനക്കാരുടെ നിരന്തര ഭീഷണിയെതുടർന്നാണ് വ്യാപാരിയായ ബിനു ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. നാഗമ്പടത്തെ കർണാടക ബാങ്കിൽനിന്ന് വ്യാപാര ആവശ്യത്തിനായി ഇദ്ദേഹം അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
എന്നാൽ രണ്ടു മാസത്തെ കുടിശിക നൽകാൻ ബാക്കിയുണ്ടായിരുന്നതിനാൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കുടുംബം പറയുന്നു.