ഭീതിയൊഴിയാതെ മണിപ്പുര്‍; കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ഒരാളുടെ തല അറുത്ത നിലയില്‍
Tuesday, September 26, 2023 9:19 AM IST
ഇംഫാല്‍: മണിപ്പുരില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. മേയ്തി വിഭാഗത്തില്‍പ്പെട്ട 17 വയസുള്ള പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളായ ഇരുവരും കഴിഞ്ഞ ജൂലൈയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇവരെ കാണാതാവുകയായിരുന്നു. ഇരുവരും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കുടുംബം കാത്തിരിക്കുന്നതിനിടെയാണ് ഇവരുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഇവര്‍ ആയുധധാരികള്‍ക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ തല അറുത്ത് മാറ്റിയ നിലയിലാണ്.
ഇതോടെ ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം മണിപ്പുര്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.