പത്തനംതിട്ട സഹകരണ ബാങ്കില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്ന് പരാതി; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ ദൃശ്യങ്ങള്‍ പുറത്ത്
Tuesday, September 26, 2023 8:29 AM IST
പത്തനംതിട്ട: പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ കള്ളവോട്ട് ചെയ്തെന്നാണ് പരാതി.
ഞായറാഴ്ചയാണ് പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. നഗരപരിധിയിലുള്ളവര്‍ക്ക് മാത്രമാണ് വോട്ടുള്ളതെന്നിരിക്കെ തിരുവല്ലയില്‍ താമസിക്കുന്ന അമല്‍ ഇവിടെയെത്തി വോട്ട് ചെയ്യുകയായിരുന്നു. ഇയാള്‍ അഞ്ച് തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇത്തരത്തില്‍ നിരവധി ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് എത്തി കള്ളവോട്ട് ചെയ്തെന്നും യുഡിഎഫ് ആരോപിച്ചു.
എന്നാല്‍ ആരോപണം എല്‍ഡിഎഫ് തള്ളിയിട്ടുണ്ട്. ബാങ്ക് തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായാണ് താന്‍ ജില്ലാ ആസ്ഥാനത്ത് എത്തിയതെന്ന് അമല്‍ പ്രതികരിച്ചു. കള്ളവോട്ട് ചെയ്തിട്ടില്ലെന്നാണ് അമലിന്റെ അവകാശവാദം.
അതേസമയം തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. യുഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന ബാങ്കില്‍ ഇത്തവണയും ഭരണം നിലനിര്‍ത്തുകയായിരുന്നു.