കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടി; രൂക്ഷ വിമർശനവുമായി സിപിഐ
Monday, September 25, 2023 11:29 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും എതിരെ സിപിഐയിൽ രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് വിമർശനം ഉയർന്നത്.
സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. മുമ്പ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്നും അംഗങ്ങൾ ചോദ്യമുന്നയിച്ചു.
പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ചെലവു ചുരുക്കലിനെക്കുറിച്ച് ആവർത്തിക്കുമ്പോഴും സർക്കാരിന്റെ ധൂർത്ത് വർധിക്കുകയാണ്.
സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും ഇപ്പോഴത്തെ മുൻഗണന ഇടത് സർക്കാരിനു ചേർന്നതല്ലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിമർശനമുണ്ടായി.
സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടത്. പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും വിമർശനമുയർന്നു.