മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച, മന്ത്രിയെ കെട്ടിപിടിച്ചയാൾ കസ്റ്റഡിയിൽ
Monday, September 25, 2023 9:43 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നടന്ന രാജാ രവിവർമ ആർട്ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
മുഖ്യമന്ത്രി പ്രസംഗിച്ചു വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ ഒരാൾ ഈ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു. പാപ്പനംകോട് സ്വദേശി അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്.
ഇയാൾ വേദിയിലുണ്ടായിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ കെട്ടിപ്പിടിച്ചു. തുടർന്നു എംഎൽഎ വി.കെ. പ്രശാന്തിന് കൈ കൊടുത്തശേഷമാണ് ഇയാൾ വേദിയിൽനിന്ന് ഇറങ്ങിയത്. പിന്നീട് ഇയാളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.