നിപ ഭീതി ഒഴിഞ്ഞു; കോഴിക്കോട്ട് സ്കൂളുകള്‍ തുറന്നു
Monday, September 25, 2023 1:35 PM IST
കോഴിക്കോട്: ജില്ലയില്‍ നിപ ഭീതി ഒഴിഞ്ഞതോടെ സ്കൂളുകള്‍ തുറന്നു. ഇന്നു മുതലാണ് സാധാരണ പോലെ ക്ലാസുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ ഒമ്പതുദിവസം സ്കൂളുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഓണ്‍ലൈനിലായിരുന്നു ക്ലാസുകള്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓണ്‍ ലൈന്‍ ക്ലാസുകളാണ് ഇപ്പോഴും നടക്കുന്നത്.
നിപ സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധനാഫലം എല്ലാം നെഗറ്റീവ് ആയതോടെയാണ് സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും കരുതണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളുടെ പ്രവേശനകവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ കരുതണം. എല്ലാവരും കൈകള്‍ സാനിറ്റൈസ് ചെയ്യണം. പനി, തലവേദന, തൊണ്ടവേദന എന്നിവയുള്ള കുട്ടികളെ സ്കൂളുകളിലേക്ക് വിടരതുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ മരുതോങ്കരയിലും ആയഞ്ചേരിയിലും നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് ഈ മാസം 16 മുതല്‍ ജില്ലയില്‍ സ്കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറിയിരുന്നത്. ഈ രണ്ട് പഞ്ചായത്തുകളിലും സാധാരണ നില കൈവരിച്ചതിനെത്തുടര്‍ന്ന് കണ്ടെയ്ന്മെന്റ് സോണ്‍ നീക്കിയിട്ടുണ്ട്.
എന്നാല്‍ ഏറ്റവുമവസാനം ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഒരു ചെറുപ്പക്കാരന് നിപ വൈറസ് പിടിപെട്ടതിനാല്‍ ഈ മേഖലയില്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിലനില്‍ക്കുന്നുണ്ട്. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ 43 മുതല്‍ 48 വരെ വാര്‍ഡുകളിലും 51-ാം വാര്‍ഡിലുമാണ് കണ്ടെയ്ന്മെന്റ് സോണ്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി ജില്ലയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സ്കൂളുകള്‍ തുറന്നു.