നൈജറിൽ നിന്ന് അംബാസഡറെയും സൈന്യത്തെയും പിൻവലിക്കാൻ ഫ്രാൻസ്
Monday, September 25, 2023 1:20 PM IST
നൈയാമെ: അട്ടിമറിയിലൂടെ സൈന്യം ഭരണം ഏറ്റെടുത്ത നൈജറിൽ നിന്ന് അംബാസഡറെ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്.
നൈജറിൽ നിന്ന് ഫ്രഞ്ച് അംബാസഡറും നയതന്ത്ര ഉദ്യോഗസ്ഥരും മടങ്ങുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. തിങ്കളാഴ്ചയോടെ ഈ നീക്കം പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്. എന്നാൽ നൈജറിലെ എംബസി പൂർണമായി അടച്ചുപൂട്ടി നയതന്ത്രബന്ധം വിച്ഛേദിക്കുമോയെന്ന് ഫ്രാൻസ് വ്യക്തമാക്കിയിട്ടില്ല.
ഫ്രാൻസിൽ തുടരുന്ന 1,500-ഓളം സൈനികരെ വരുംമാസങ്ങളിൽ പിൻവലിക്കുമെന്നും മക്രോ അറിയിച്ചിട്ടുണ്ട്.
പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ജൂലൈ 26-ന് ആണ് സൈന്യം നൈജറിൽ ഭരണം ഏറ്റെടുത്തത്. മുൻ ഫ്രഞ്ച് കോളനിയായിരുന്ന നൈജറിൽ നിന്ന് ഫ്രാൻസിന്റെ സാന്നിധ്യം തുടച്ചുനീക്കണമെന്നാണ് സൈന്യം ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി തലസ്ഥാനനഗരിയായ നൈയാമെയിലെ ഫ്രഞ്ച് എംബസിക്ക് മുമ്പിൽ പട്ടാള അനുകൂലികൾ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.