1,500 രൂപ തിരികെ നൽകിയില്ലെന്ന് ആരോപണം; യുവതിയെ നഗ്നയാക്കി ശരീരത്തിൽ മൂത്രമൊഴിച്ചു
Monday, September 25, 2023 1:18 PM IST
പാറ്റ്ന: കടം നൽകിയ പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് അച്ഛനും മകനും ചേർന്ന് ദളിത് യുവതിയെ നഗ്നയാക്കി മർദിച്ചശേഷം ശരീരത്തിൽ മൂത്രമൊഴിച്ചെന്ന് പരാതി. ബിഹാറിലെ പാറ്റ്നയിലാണ് സംഭവം നടന്നത്.
ഖുസ്രുപുർ ഗ്രാമത്തിൽ വസിക്കുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. പ്രമോദ് സിംഗ് എന്നയാളുടെ പക്കൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് യുവതി 1,500 രൂപ കടംവാങ്ങിയിരുന്നു.
ഈ പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രിയാണ് പ്രമോദ് സിംഗ് മകൻ അൻഷു സിംഗിനും സംഘത്തിനുമൊപ്പമെത്തി യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയത്. തുടർന്ന് യുവതിയെ നഗ്നയാക്കിയ ശേഷം അക്രമിസംഘം ഇവരെ കമ്പുകൾ ഉപയോഗിച്ച് മർദിച്ചു. ഇതിനുശേഷമാണ് യുവതിയുടെ ശരീരത്തിലേക്ക് അൻഷു സിംഗ് മൂത്രമൊഴിച്ചത്.
കടംവാങ്ങിയതിലേറെ തുക തിരികെ നൽകിയിട്ടും സിംഗ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും റോഡിലൂടെ നഗ്നയാക്കി നടത്തുമെന്നും കാട്ടി യുവതി നേരത്തെ പോലീസിൽ വിവരമറിയിച്ചിരുന്നു. ഈ പരാതിയിൽ പ്രകോപിതരായി ആണ് അക്രമിസംഘം യുവതിയെ അപമാനിച്ചത്.
അക്രമിസംഘത്തിന്റെ പക്കൽ നിന്ന് രക്ഷപ്പെട്ടോടിയ യുവതി പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.