കരുവന്നൂരിൽനിന്ന് ഒഴുകിയ കള്ളപ്പണം സിനിമാ മേഖലയിലേക്കും; നിരീക്ഷണം ശക്തമാക്കി ഇഡി
Monday, September 25, 2023 1:08 PM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും മറ്റ് പല ബാങ്കുകളിൽ നിന്നും പലയിടത്തേക്ക് കള്ളപ്പണം ഒഴുകിയപ്പോൾ നല്ലൊരു ശതമാനം സിനിമാ മേഖലയിലേക്കും എത്തിയെന്നു സൂചനകൾ. നേരത്തെതന്നെ ഇതു സംബന്ധിച്ച സംശയങ്ങൾ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ഇഡി ശക്തമാക്കിയിട്ടുണ്ട്.
ചെറുതും വലുതുമായ പല സിനിമകൾക്കും ബെനാമി ഫണ്ടിംഗ് നടന്നിട്ടുണ്ടെന്നും ഇതിലേക്ക് കരുവന്നൂരിലെ കള്ളപ്പണം എത്തിയിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇഡി നടത്തുന്നത്.
എന്നാൽ ഇത് കണ്ടെത്തുക എളുപ്പമല്ല എന്നതുകൊണ്ടുതന്നെ കരുവന്നൂർ കള്ളപ്പണക്കേസിലെ ബിനാമികളുടെ ഇടപാടുകൾ പരിശോധിക്കുന്ന കൂട്ടത്തിൽ ഇവർക്ക് സിനിമാബന്ധങ്ങളുണ്ടോ എന്നുകൂടി പരിശോധിക്കും.
വൻകിട നിർമാതാക്കൾക്ക് പണം നൽകുന്ന ബിനാമികളുമായി കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകാർക്ക് ബന്ധങ്ങളുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങൾക്കു വേണ്ടിയും കരുവന്നൂരിലെ പണം ഒഴുകിയിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കും.