ലൈഫ് മിഷൻ കേസ്; എം. ശിവശങ്കറിന് ജാമ്യം നീട്ടിനൽകി സുപ്രീം കോടതി
Monday, September 25, 2023 1:04 PM IST
കൊച്ചി: ലൈഫ് മിഷന് കേസില്‍ പ്രതിയായ എം. ശിവശങ്കറിന്റെ ജാമ്യം നീട്ടിനൽകി സുപ്രീം കോടതി. രണ്ട് മാസത്തേക്ക് കൂടി ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യകാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയ ശിവശങ്കർ 2023 ഫെബ്രുവരി 14-ന് ആണ് അറസ്റ്റിലായത്. 170 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കർ ജയിലിൽ പുറത്തിറങ്ങിയത്.
നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി ആണ് സുപ്രീം കോടതി ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ജാമ്യകാലയളവില്‍ വീടിനും ആശുപത്രിക്കും അടുത്തുള്ള പ്രദേശങ്ങളിലൊഴികെ മറ്റ് സ്ഥലങ്ങളിൽ പോകാന്‍ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി ശിവശങ്കറിന് നിർദേശം നൽകിയിരുന്നു.