തടവുകാർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റു; ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Saturday, September 23, 2023 8:31 PM IST
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രിസൺ ഓഫീസർ അജുമോൻ (36) ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ വിയ്യൂർ പോലീസ് കാലടിയിൽ നിന്നാണ് പിടികൂടിയത്.
നൂറ് രൂപയുടെ ബീഡി 2500 രൂപയ്ക്കാണ് തടവുകാർക്ക് ഇയാൾ വിറ്റിരുന്നത്. തടവുകാരിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടിയപ്പോഴാണ് ഉറവിടം അന്വേഷിച്ചത്. അച്ചടക്ക നടപടികളുടെ ഭാഗമായി ഇയാൾ മൂന്നു മാസമായി സസ്പെൻഷനിൽ ആയിരുന്നു.
പുകയില ഉത്പന്നങ്ങൾക്ക് തടവുകാരുടെ വീട്ടുകാർ ഗൂഗിൽ പേയിലൂടെയാണ് പണം നൽകിയിരുന്നത്. അന്വേഷണത്തിൽ അജുമോന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ വളരെയധികം അനധികൃതമായ പണം ഇടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തി.
അജുമോനെതിരെ മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.