കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് മധ്യവയസ്കന് ദാരുണാന്ത്യം
Saturday, September 23, 2023 8:13 PM IST
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം. മലപ്പുറം പോത്തുകല്ലിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടുതോട്ടത്തില്‍ ജോസാണ് മരിച്ചത്.
വനത്തോടു ചേര്‍ന്നുള്ള ജനവാസ മേഖലയാണിത്. വൈകുന്നേരം പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആനയുടെ ആക്രമണം.
സമീപത്തുകൂടെ പോയ ഒരാളാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മുന്‍പും ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്.