ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും; എന്‍ഐഎ നോട്ടീസ് പതിപ്പിച്ചു
Saturday, September 23, 2023 3:49 PM IST
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ജലന്ധറിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇയാളുടെ ജലന്ധറിലെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചു. മൊഹാലി എന്‍ഐഎ കോടതിയുടേതാണ് നടപടി.
നിജ്ജാറുമായി ബന്ധമുള്ള സിഖ് ഫോര്‍ ജസ്റ്റീസ് നേതാവായ ഗുര്പട്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കളും കണ്ടുകെട്ടും. ഇയാളുടെ ചണ്ഡീഗഡിലെ വസതിക്ക് മുന്നിലും നോട്ടീസ് പതിച്ചു.
നിജ്ജാറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇന്ത്യ കാനഡ തര്‍ക്കം തുടരുന്നതിനിടെയാണ് എന്‍ഐഎയുടെ നീക്കം. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു.
ഇതോടെ കാനഡയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കിയിരുന്നു. നിലവില്‍ കാനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്രബന്ധം ആടിയുലയുന്നതിനിടെയാണ് എന്‍ഐഐ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നത്.