"മൃദു ഭാവേ, ദൃഢ കൃത്യേ'; കോടതിവളപ്പില്‍ യുവതിക്ക് മര്ദനമേല്ക്കുമ്പോള് കാഴ്ചക്കാരനായി പോലീസ്
Saturday, September 23, 2023 2:37 PM IST
ആലപ്പുഴ: ചേര്‍ത്തലയില്‍ കോടതി വളപ്പില്‍ യുവതിക്ക് ക്രൂരമര്‍ദനം. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയുമാണ് മര്‍ദിച്ചത്. ഒരു പോലീസുകാരന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. എന്നാല്‍ ഇയാള്‍ കൃത്യമായി ഇടപെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സംഭവം. അക്രമത്തിനിരയായ യുവതിയും ഭര്‍ത്താവും ചേര്‍ത്തല കോടതിയില്‍ വിവാഹമോചനഹര്‍ജി നല്കിയവരാണ്. കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഇവരുടെ രണ്ട് കുട്ടികളെയും ഭാര്യ ഭര്‍ത്താവിനെ ഏല്‍പ്പിക്കണമായിരുന്നു. ഇതിനായി രണ്ട് കുടുംബങ്ങളും കഴിഞ്ഞദിവസം കോടതിയില്‍ എത്തി.
എന്നാല്‍ കുട്ടികളെ കൈമാറാന്‍ യുവതി സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് യുവതിയെ കോടതിവളപ്പില്‍ മര്‍ദിക്കുകയായിരുന്നു. ഈ സമയം അവിടെ നിന്ന പോലീസുകാരന് അക്രമത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
കോടതിവളപ്പിലുണ്ടായിരുന്ന ചിലര്‍ ഇടപ്പെട്ടാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങളിലേക്ക് പോകാതെ പ്രശ്നം അവസാനിപ്പിച്ചത്.
ഈ കുടുംബങ്ങള്‍ തമ്മില്‍ സ്ഥിരം പ്രശ്നം നടക്കാറുണ്ട്. ഇവര്‍ തമ്മില്‍ നാലോളം കേസുകളുണ്ട് എന്ന വിചിത്ര ന്യായമാണ് അതിക്രമത്തില്‍ ഇടപെടാഞ്ഞതില് പോലീസ് പറയുന്നത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.