പുനലൂരിൽ നാല് കടകൾ കത്തിനശിച്ചു
Saturday, September 23, 2023 12:06 PM IST
കൊല്ലം: പുനലൂർ ടൗണിലുണ്ടായ വൻ അഗ്നിബാധയിൽ നാല് കടകൾ കത്തിനശിച്ചു. പേപ്പർമിൽ റോഡിൽ സെന്റ് ഗൊരേത്തി സ്കൂളിന് സമീപത്തുള്ള കടകളാണ് ഇന്ന് പുലർച്ചെ മൂന്നോടെ കത്തിനശിച്ചത്.
ഫ്രൂട്സ് കട, മൊബൈൽ വിൽപനകേന്ദ്രം, തുണിക്കട എന്നിവയാണ് കത്തിയത്. ഫ്രൂട്സ് കട പൂർണമായി കത്തിനശിച്ചു. ഇവിടെ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
പുലർച്ചെ ഇതുവഴി വന്ന വാഹനയാത്രികരാണ് കടകൾക്ക് ഉള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. സംഭവം അറിഞ്ഞയുടൻ അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി.
15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.