"അനിലിന് കോൺഗ്രസായിരുന്നു ഇഷ്ടം, ആന്റണി സഹായിച്ചില്ല'; എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തൽ വൈറൽ
Saturday, September 23, 2023 11:51 AM IST
കണ്ണൂർ: അനിൽ ആന്റണിയുടെ ലക്ഷ്യം കോൺഗ്രസ് രാഷ്ട്രീയമായിരുന്നുവെന്ന് എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ വെളിപ്പെടുത്തൽ.
മകനായ അനിലിന്റെ രാഷ്ട്രീയപ്രവേശനത്തിന് എ.കെ. ആന്റണി സഹായങ്ങളൊന്നും ചെയ്തില്ലെന്നും എലിസബത്ത് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ വഴിയാണ് അവർ ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിന്റെ ജയ്പുർ ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരായ പ്രമേയം വന്നതോടെ അനിലിന്റെ പാർട്ടി പ്രവേശനത്തിന് തടസമായി. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ തനിക്ക് വരാൻ സാധിക്കില്ലെന്ന കാര്യം അനിലിനെ നിരാശനാക്കി.
അനിലിന് വേണ്ടി താൻ പ്രാർഥനകൾ തുടർന്നുകൊണ്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് അനിൽ ആന്റണിയെ ബിജെപിയിലേക്ക് ചേർക്കുകയായിരുന്നുവെന്നും എലിസബത്ത് പറഞ്ഞു.
കോവിഡിന് ശേഷം ആന്റണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. കാലുകൾ രണ്ടും തളർച്ച ബാധിച്ചത് പോലെയായി. രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്താണ് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വന്നത്. കോവിഡിന് ശേഷം താൻ പ്രാർഥനാ ജീവിതത്തിലേക്ക് കടന്നിരുന്നു. പ്രാർഥനകൾ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആന്റണിയുടെ ആരോഗ്യം വീണ്ടെടുക്കാനും സ്ഥാനങ്ങൾ ലഭിക്കാനും സാധിച്ചുവെന്നും എലിസബത്ത് പറയുന്നു.