നാഗ്പുരിൽ കനത്ത മഴ; വെള്ളക്കെട്ട് രൂക്ഷം
Saturday, September 23, 2023 11:40 AM IST
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ കനത്ത മഴയെത്തുടർന്ന് നിരവധി മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിന്റെ താഴ്ന്നമേഖലകളിൽ വെള്ളം കയറിയതോടെ ഈ പ്രദേശത്തുള്ളവർ വീടുകളിൽ നിന്ന് താൽക്കാലിക ക്യാമ്പുകളിലേക്ക് മാറി.
നാഗ്പുർ വിമാനത്താവളത്തിന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് വരെ 106 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അംബസാരി തടാകത്തിൽ ജലനിരപ്പ് ഉയർന്ന് വെള്ളം റോഡുകളിലേക്ക് കയറി.
നഗരത്തിലെ സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കായി അല്ലാതെ ജനങ്ങൾ വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.