ബിധുരിയുടെ അധിക്ഷേപ പരാമർശം; കൊടിക്കുന്നിലിന് വീഴ്ചയില്ലെന്ന് കോൺഗ്രസ്
Saturday, September 23, 2023 11:07 AM IST
ന്യൂഡൽഹി: ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരേ ബിജെപി എംപി രമേശ് ബിധുരി ലോക്സഭയിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ, സഭ നിയന്ത്രിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോൺഗ്രസ്.
ബിധുരിയുടെ പരാമർശം സുരേഷ് സഭാരേഖകളിൽ നിന്ന് ഉടനടി നീക്കം ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു. ബിധുരിക്കെതിരേ സുരേഷ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശരിയല്ല. ലോക്സഭാ അംഗത്തിനെതിരേ നടപടി സ്വീകരിക്കാൻ സ്പീക്കർക്ക് മാത്രമാണ് അവകാശം.
സഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ട നേതാക്കൾക്ക് ഇതിന് അധികാരമില്ല. ബിധുരിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സ്പീക്കറോട് സുരേഷ് ആവശ്യപ്പെട്ടതായും വേണുഗോപാൽ വ്യക്തമാക്കി.
ബിധുരിയുടെ അധിക്ഷേപ പരാമർശം കേട്ട് ഡാനിഷ് അലി പൊട്ടിക്കരഞ്ഞെന്നും രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് ആശ്വാസവാക്കുകൾ അറിയിച്ചെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഡാനിഷ് അലി ഭീകരവാദിയാണെന്ന് പറഞ്ഞാണ് ബിധുരി അദ്ദേഹത്തെ അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ബിധുരിക്ക് ബിജെപി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.