"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഇന്ന് ആദ്യ കമ്മിറ്റിയോഗം
Saturday, September 23, 2023 9:09 AM IST
ന്യൂഡല്‍ഹി: "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ആദ്യയോഗം ശനിയാഴ്ച നടക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക.
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്രനിയമ മന്ത്രാലയം എട്ട് അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യമാണ് കമ്മിറ്റി പരിശോധിക്കുന്നത്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണോയെന്നും സമിതി പരിശോധിക്കും.
ഭരണഘടനാ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നതും പരിശോധിച്ച് ശുപാര്‍ശ ചെയ്യും. തൂക്കുസഭ, അവിശ്വാസ പ്രമേയം അംഗീകരിക്കല്‍, കൂറുമാറ്റം അല്ലെങ്കില്‍ മറ്റേതെങ്കിലും സമാന സാഹചര്യങ്ങളിൽ സാധ്യമായ പരിഹാരങ്ങളും സമിതി വിശകലനം ചെയ്യും.