മണിപ്പുരില്‍ അതീവ ജാഗ്രത; ആയുധം കൈവശമുള്ളവര്‍ തിരികെ ഏല്‍പ്പിക്കണമെന്ന് ഉത്തരവ്
വെബ് ഡെസ്ക്
Saturday, September 23, 2023 6:11 AM IST
ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷ മേഖലയില്‍ സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍. ആയുധം കൈവശമുള്ളവര്‍ പതിനഞ്ച് ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്നും ഉത്തരവിറക്കി. സൈനികവേഷത്തിന് സമാനമായ വസ്ത്രം ധരിച്ച് ആയുധങ്ങളുമായി റോന്ത് ചുറ്റിയതിന് ഏതാനും യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ജനങ്ങള്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെ മണിപ്പുരില്‍ കര്‍ഫ്യു ശക്തമാക്കി..
ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലാണ് വ്യാഴാഴ്ച വൈകിട്ട് കര്‍ഫ്യു പ്രഖ്യാപിച്ചത്. പോരാംപാത്, ഹെംഗ്‌യെഗ്, സിംഗ്ജാമെയ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധവുമായി ജനക്കൂട്ടം എത്തിയത്.
യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം സ്‌റ്റേഷനിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ പോലീസ് ഇവരെ തടഞ്ഞു. സംഘര്‍ഷം ആരംഭിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസും ദ്രുതകര്‍മ സേനയും കണ്ണീര്‍വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചിരുന്നു.
തൗബല്‍, കാക്ചിംഗ്, ബിഷ്ണുപുര്‍ ജില്ലകളിലും പോലീസ് നേരത്തെ ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു.